രക്ഷ ഒരു പ0നം (ഭാഗം 5)

രക്ഷ ഇപ്പോള്‍ സാധ്യമോ
സുവി. പി. ജി..ജെയിംസ്, തണ്ണിത്തോട്



മുന്‍പ് വിശദീകരിച്ചകാര്യങ്ങള്‍ നന്നായി അറിഞ്ഞിരിക്കാത്ത ഒരാള്‍ക്ക് പ്രസ്തുത വിഷയം പഠിക്കുക അസാധ്യമാണ് . മാനുഷികങ്ങളായ ചിന്തകള്‍ക്കും പഠിപ്പിക്കലുകള്‍ക്കും എപ്പോഴും മാറ്റം സംഭവിക്കാം. എങ്കിലും സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്ന ദൈവവചനത്തിന് ഒരു കാലത്തും മാറ്റം വരികയില്ല. ദൈവവചനത്തെ തെറ്റായി വ്യഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ എക്കലത്തും ഉണ്ട്.അധര്‍മ്മം പൂര്‍ണ്ണമായി തുടച്ചുമാറ്റപ്പെടുന്നതുവരെയും അവര്‍ ഉണ്ടായിരിക്കും. ആകയാല്‍ സത്യവചനത്തെ യഥാര്‍ത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്കുക എന്നാണ് പൌലോസ് തിമോഥെയോസിനോട് പറയുന്നത് (2 തിമോ. 2:15)

1, അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവര്‍ രക്ഷിക്കപ്പെടും (മത്താ.24:13)

ഒരു വ്യക്തിയുടെ ലോകജീവിതത്തിന്റെ അന്ത്യം വരെയും വീഴാതവണ്ണം നില്‍ക്കുന്നവര്‍ക്കു മാത്രമെ രക്ഷിക്കപ്പെടുവാന്‍ സാധിക്കുകയുള്ളു എന്നാണ് പഠിപ്പിക്കല്‍.

വേദപുസ്തകത്തിലെ ഏത് വാക്യം വ്യാഖ്യാനിക്കുംബോഴും അതിന്റെ പശ്ചാത്തലവും മുന്‍പില്‍ വാക്യങ്ങളും മനസ്സിലാക്കിവേണം അത് ചെയ്യുവാന്‍. അല്ലാതെ ഒരു വാക്യം മാത്രം കണ്ടിട്ട് നമ്മുടേതായ വ്യാഖ്യാനം കൊടുക്കുവാന്‍ ഒരിക്കലും ശ്രമിക്കരുത്.

ഇവിടെ കര്‍ത്താവിന്റെ വരവിനെകുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സഭയെ ചേര്‍ക്കുവാനുള്ള വരവല്ല. മഹത്വപ്രത്യക്ഷതയാണ്. രാജ്യത്തിന്റെ സൂവിശേഷം സകലജാതികള്‍ക്കും സാ ക് ഷ്യമായി ഭൂലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും എന്ന് പതിനാലാം വാക്യത്തില്‍ വായിക്കുന്നു. ദൈവക്രിപയുടെ സുവിശേഷമല്ല അവിടെ പ്രസംഗിക്കുന്നത്. ഇതിനെ മത്താ.10:22 നോട് ബന്ധപ്പെടുത്താം.

ഇപ്പോഴത്തെ രക്ഷ ക്യപയാല്‍ ലഭിക്കുന്നതാണ്. അത് വിശ്വസ്സിക്കുന്ന സമയത്ത് തന്നെ ലഭിക്കും(എഫെ. 2:8) എന്നാല്‍ മഹാപീഡനകാത്ത് ഈ നിയമം സംബൂര്‍ണ്ണമായും മാറും. അവസാനത്തോളും സഹിച്ചു നില്‍ക്കുക എന്നതായിരിക്കും അപ്പോഴത്തെ നിയമം. അന്നത്തെ രക്ഷിതഗണം അവസാനത്തോളം സഹിച്ചു നിന്ന് അന്തിക്രിസ്തുവിന്റെ വാളിന് ഇരയായി രക്തസാക്ഷികളായി തീരും. അങ്ങനെയുള്ളവര്‍ മാത്രമാണ് അപ്പോള്‍ രക്ഷിക്കപ്പെടുക. ഇത് മഹാപീഡനത്തിന്റെ അവസാനം വരെ ഉണ്ടായിരിക്കുന്നതുമാണ്. ഇവര്‍ മഹാകഷ്ടത്തില്‍ നിന്ന് വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു (വെളി.7:14). മരണം വരെയും ധീരതയോടെ സഹിച്ചു നില്‍ക്കുന്നവര്‍ .... അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവര്‍ രക്ഷിക്കപ്പെടും.

2, കര്‍ത്താവായ യേശുവിന്റെ ക്രിപയാല്‍ രക്ഷ പ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു (പ്രവ്യ.15:11)

രക്ഷ പ്രാപിക്കും എന്നത് ഭാവി പ്രമേയമായി തോന്നുന്നതു കൊണ്ട് രക്ഷ ഇപ്പോള്‍ സാധ്യമല്ല എന്ന് പഠിപ്പിക്കുന്നു.


യേശുക്രിസ്തു വിങ്കലെ വിശ്വാസത്താല്‍ മാത്രം രക്ഷിക്കപ്പെടുവാന്‍ കഴിയുമോ? അതോ ന്യായപ്രമാണത്തിന്റെ പ്രവര്‍ത്തികള്‍ കൂടി ആവശ്യമുണ്ടൊ? എന്ന ചോദ്യത്തിന് ഇവിടെ ഉത്തരം പറയുകയാണ് പൌലോസ് ചെയ്യുന്നത്. കര്‍ത്താവായ യേശുവിന്റെ ക്രിപയാല്‍ രക്ഷ പ്രാപിക്കും. അതാണ് ഞാന്‍ വിശ്വസ്സിക്കുന്നത്. തിരുവെഴുത്ത് അങ്ങനെ പഠിപ്പിക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നു. അതാണ് ഇവിടുത്തെ ആശയം.

3, അവന്റെ രക്തത്താല്‍ നീതികരിക്കപ്പെട്ട ശേഷമോ നാം അവനാല്‍ എത്ര അധികമായി കോപത്തില്‍ നിന്ന് രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുംബോള്‍ തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താല്‍ ദൈവത്തോട് നിരപ്പ് വന്നു. എങ്കില്‍ നിരന്ന ശേഷം നാം അവന്റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും (റോമ.5:9,10).

രക്ഷിക്കപ്പെടും എന്ന് ഭാവിരൂപത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ രക്ഷ ഇപ്പോള്‍ ലഭിക്കുന്നതല്ല എന്നും ഭാവിയില്‍ മാത്രമേ ലഭിക്കുകയുള്ളു എന്നും പഠിപ്പിക്കുന്നു.

ഈ രണ്ടു വാക്യങ്ങളിലുമായി ഒരു വ്യക്തിരക്ഷിക്കപ്പെടുന്നതിനോടൊപ്പം ലഭിക്കുന്ന നന്മകളും ഭാവി പ്രത്യാശയും വിവരിച്ചിരിക്കുന്നു. ഒരുവന്‍ രക്ഷിക്കപ്പെടുബോള്‍ അഥവാ ശിക്ഷയില്‍ നിന്ന് വിടുതല്‍ പ്രാപിക്കുബോള്‍ അതോടൊപ്പം സകലദൈവിക നന്മകളുടെയും ഉടമയായിത്തീരുന്നു. മാത്രമല്ല സ്വര്‍ഗ്ഗത്തിലെ സകല അത്മീയ അനുഗ്രഹങ്ങാളും ദൈവം അവനെ നിറക്കുകയും ചെയ്യും. നീതീകരണം, സമാധാനം, ക്ര്യപ, പ്രവേശനം, തേജസ്സ്, പ്രത്യാശ, സ്നേഹം,പരിശുദ്ധാത്മാവ്, കോപത്തില്‍ നിന്നുള്ള വിടുതല്‍, നിരപ്പ് എന്നിവയെല്ലാം അവയില്‍ ചിലത് മാത്രമാണ്. ഒരു പണ്ഡിതന്‍ ഈ വാക്യത്തെകുറിച്ച് അഭിപ്രായപ്പെട്ടത് പ്രയാസമുള്ള കാര്യം ദൈവം ചെയ്തു എങ്കില്‍ പ്രയാസം കുറഞ്ഞത് ചെയ്യാതിരിക്കുമോ? നാം ശത്രുക്കളായിരിക്കുബോള്‍ ദൈവം നമ്മെ ഇത്രമാത്രം സ്നേഹിച്ചുവെങ്കില്‍ മിത്രങ്ങളായിരിക്കുബോള്‍ അവിടുന്ന് എന്തെല്ലാം ചെയ്യും എന്നാണ്. കോപത്തില്‍ നിന്ന് രക്ഷിക്കപ്പെടും എന്നുള്ളത് വരുവാനുള്ള യഹോവയുടെ കോപദിവസത്തെയും ഓര്‍മിപ്പിക്കുന്നു. മഹാപീഡനകാലം എന്നറിയപ്പെടുന്ന ഏഴു വര്‍ഷങ്ങളില്‍ ദൈവസഭ ഈ ഭൂമിയില്‍ ഉണ്ടായിരിക്കുകയില്ല. സഭ കോപത്തില്‍ കടക്കാതെ കര്‍ത്താവിനോടു കൂടെയായിരിക്കും രക്ഷ ഭാവിയിലേ ലഭിക്കുകയുള്ളു എന്ന ചിന്ത ഇവിടെ ഉളവാകുന്നില്ല.

4, പ്രത്യാശയിലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് (റോമ.8:24) നാം രക്ഷിക്കപ്പെട്ടവരാണ് എന്ന് ഉറപ്പുണ്ടെങ്കിലും രക്ഷ ഇപ്പോള്‍ കിട്ടിയിട്ടില്ല. ഭാവിയില്‍ മത്രമായിരിക്കും അത് ലഭിക്കുക. അത് പ്രത്യാശയില്‍ ഉള്ള വിഷയമാണ്. ഇതാണ് തെറ്റായ പടിപ്പിക്കല്‍.

ഇരുപത്തിമൂന്നാം വാക്യം ശ്രദ്ധിക്കുക. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളില്‍ ഞരങ്ങുന്നു. രക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പരിശുദ്ധാവെന്ന ദാനം ലഭിക്കുന്നത്. രക്ഷയുടെ അഭേദ്യമായ ഒരു ഭാ‍ഗമാണ് പ്രത്യാശയെന്നുള്ളത്. എന്നാല്‍ രക്ഷയുടെ മുഖാന്തിരമായി പ്രത്യാശയെ കാണുന്നില്ല. വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ട ഒരുവന്‍ 25-)0 വക്യത്തില്‍ പറയുന്ന പ്രത്യാശക്കായി കാത്തിരിക്കുന്നു. ആപ്രത്യാശയിലേക്കാണ് താന്‍ കടക്കുന്നത്. ആകയാല്‍ ഇത് ഭാവിയില്‍ നടക്കുന്ന പ്രവര്‍ത്തിയല്ല

5, നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്ക് അധികം അടുത്തിരിക്കുന്നു. (റോമ.13:11)

നാം പ്രതീക്ഷിക്കുന്ന രക്ഷ അധികം അടുത്തിരിക്കുന്നു അല്ലാതെ അത് ഇതുവരെയും വന്നിട്ടില്ല. ഇപ്പോള്‍ ആര്‍ക്കും രക്ഷിക്കപ്പെടുവാന്‍ സാധ്യവുമല്ല എന്നാണ് പഠിപ്പിക്കല്‍.

രക്ഷിക്കപ്പെട്ടവര്‍ക്ക് വരുവാന്‍ പോകുന്ന ഭാവികാല രക്ഷയെ കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. നാം വിശ്വസിച്ച സമയത്തെക്കാള്‍ എന്നതിന് രക്ഷിക്കപ്പെട്ട സമയത്തെക്കാള്‍ എന്നാണ് ആശയം. രക്ഷയുടെ മൂന്നാം ഘട്ടത്തോട് ഇതിനെയും ചേര്‍ക്കാവുന്നതാണ്.

തുടരും....

രക്ഷ ഒരു പ0നം (ഭാഗം 4)

രക്ഷ ഇപ്പോള്‍ സാധ്യമോ
സുവി. പി. ജി..ജെയിംസ്, തണ്ണിത്തോട്


വിശ്വസിക്കുന്ന ഏതൊരു പാപിക്കും ദൈവകുഞ്ഞാടിന്റെ രക്തത്താല്‍ പാപ പരിഹാരം ഉടനടി ലഭിക്കും. നാം പാപപങ്കിലമായ ഒരു ലോകത്തില്‍ ജീവിക്കുന്നതി നാല്‍ രക്ഷിക്കപ്പെടുവാന്‍ സാധിക്കുകയില്ല എന്ന് ചിന്തിക്കേണ്ടതില്ല.പാപാന്ധകാരം നിറഞ്ഞ ഈദുഷ്ടലോകത്തില്‍ ജീവിക്കുന്നമനുഷ്യര്‍ക്കുവേണ്ടിയാണ് ദൈവം രക്ഷ ഒരുക്കിയത്. പാപികളും ദുഷ്ടന്മാരും അതിക്രമക്കാരും നീചന്മാരും തിങ്ങിനിറഞ്ഞ ഈപാരില്‍ പാര്‍ക്കുന്നവര്‍ക്കും അങ്ങനെയുള്ളവര്‍ക്കും വേണ്ടിയാണ് ക്രിസ്തു കാല്‍ വരിയിലെ ക്രൂശില്‍ മരിച്ചത്. പക്ഷെ വിശ്വസിച്ചേറ്റു പറയുന്ന ഒരു പാപിക്ക് രക്ഷിക്കപ്പെടുവാനും സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശിആകുവാനും കഴിയുന്നില്ലെങ്കില്‍ ഏത് തരത്തിലുള്ള രക്ഷയാണ് ദൈവം ഒരുക്കിയത് ?ആ രക്ഷയുടെ മഹത്വവും നിസ്തുല്യതയും എന്താണ് ? രക്ഷിക്കപ്പെട്ടാല്‍ പിന്നെയും തെറ്റുകള്‍ ചെയ്യുകയില്ലെ? പിന്നെയെന്തിനാണ് രക്ഷിക്കപ്പെടുന്നത് ? പ്രമാദമായ ഇത്തരം പഠിപ്പിക്കലുകള്‍ ക്രൈസ്തവ നഭോ മണ്ഡലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഇപ്പോള്‍ രക്ഷിക്കപ്പെടുവാന്‍ സാധിക്കുകയില്ല എന്ന് ചിന്തിക്കുന്നത് കേവലം അത്ഞത കൊണ്ടാണ്. ഈലോകത്തില്‍ വച്ചുതന്നെയാണ് നാം രക്ഷിക്കപ്പെടേണ്ടതും ദൈവമക്കളായി ജീവിക്കേണ്ടതും അവരെ ലോകത്തില്‍ നിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്റെ കൈയ്യില്‍ അകപ്പെടാതെവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത് (യോഹ. 17:15) എന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയാണ്.

വിശ്വസിച്ച് ഏറ്റുപറയുന്ന മാത്രയില്‍ തന്നേ രക്ഷിക്കപ്പെടുവാന്‍ കഴിയും. ഇപ്പോള്‍ ആകുന്നു രക്ഷാദിവസം (Now is the day of salvation) എന്നതാണ് തിരുവെഴുത്തിന്റെ ഭാഷ്യം. ഇന്നു നിന്റെ സമാധാനത്തിനുള്ള രക്ഷ കാണേണമെന്നുതന്നെയാണ് ബൈബിള്‍ ഉപദേശിക്കുന്നത്. കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും (പ്രവ്യ.16:31). ഇവിടെ വിശ്വസിക്കുക എന്നതും രക്ഷ പ്രാപിക്കുക എന്നതും ഒരേ സമയത്തു നടക്കുന്നകാര്യമാണ്. വഴിയില്‍ വെച്ച് നശിച്ചു പോകാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍ (സങ്കീ.2:12) ഈ ലോകമരുഭൂയാത്രയില്‍ തന്നെ രക്ഷകനെ കണ്ടെത്തുക എന്നതാണിവിടെ ഉദ്ദേശിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനം എപ്പോഴാണ് നടക്കുന്നതെന്ന് പിതാവാം ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അറിവില്ലാത്തതിനാല്‍ അതിനു മുന്‍പെ രക്ഷിക്കപ്പെടെണം. ക്രിപയുടെ വാതില്‍ അടയുന്നതിനുമുമ്പെ ക്രിപയാലുള്ള രക്ഷ കണ്ടെത്തണം. മനുഷ്യനില്‍ ദൈവാത്മാവ് സദാകാലവും വാദിച്ചുകോണ്ടിരിക്കയില്ല (ഉല്പ. 6:3) എന്നതിനാല്‍ ദൈവാത്മാവ് ഇടപെടുമ്പോള്‍ തന്നെ രക്ഷിക്കപ്പെടേണം. നമ്മുടെ ലോകജീവിതത്തിന് തിരശ്ശീല വീഴുന്നതിനുമുമ്പേ (ലൂക്കോ. 12:20) ദൈവവിഷയമായി സമ്പന്നനാകേണം; അഥവാ ദൈവവുമായി വ്യക്തിപരമായ ബന്ധമുണ്ടാകേണം.

ഈ യുഗത്തില്‍ രക്ഷിക്കപ്പെടുവാന്‍ സാധ്യമല്ല എന്ന് പഠിപ്പിക്കുന്നവര്‍ ഉദ്ധരിക്കുന്ന ചില വേദഭാഗങ്ങളും അവക്കുള്ള വിശദീകരണവും ചുവടെ ചേര്‍ക്കുന്നു:-

പ്രസ്തുത വിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ് രക്ഷ എന്ന പദം ആത്മരക്ഷയ്ക്ക് മാത്രമല്ല ഉപയോഗിക്കുന്നത് എന്ന് നാം മനസ്സിലാക്കിയിരിക്കണം. മാത്രമല്ല രക്ഷയെക്കുറിച്ച് പഠിക്കുമ്പോള്‍ അതിന് രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു,രക്ഷിക്കപ്പെടും എന്നിങ്ങനെ മൂന്ന് അവന്താരഘടകങ്ങളും ഉള്ളതായി കാണാം. (പ്രസ്തുത വിഷയം പിന്നീട് വിശദീകരിക്കുന്നതാണ് (തുടരും)

രക്ഷ (ഭാഗം 3)

ക്രിപയാല്‍ വിശ്വാസത്താലുള്ള രക്ഷ
സഹോ. ജയിംസ് തണ്ണിത്തോട്


മുന്‍പ് പറഞ്ഞതുപോലെ യാതൊരു വിധത്തിലും മനുഷ്യന് രക്ഷ നേടുവാന്‍ സാധ്യമല്ല. എന്നാല്‍ ക്രിപയാല്‍ വിശ്വാസത്താല്‍ രക്ഷ പ്രാപിക്കാം എന്നുള്ളതാണ് രക്ഷയ്ക്കുള്ള പ്രമാണം. ക്രിപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു (എഫെ.2:8) എന്നാണ് പൌലോസ്സ് എഴുതുന്നത്. വിശ്വാസം എന്നാല്‍ പ്രവര്‍ത്തി അല്പം പോലുമില്ല. ഗ്രീക്കില്‍ ചാരീസ് (Cheris) എന്ന പദത്തില്‍ നിന്നുമാണ് ക്രിപ എന്ന വാക്ക് ഉളവായിട്ടുള്ളത്. അര്‍ഹതയില്ലാത്ത സ്ഥാനത്ത് പ്രതിഫലേച്ഛ കൂടാതെ പാപിയായ മനുഷ്യന്റെ മേല്‍ ചൊരിഞ്ഞ ദൈവത്തിന്റെ ദയയാണ് ക്രിപയെന്നുള്ളത്: യാതൊരു പ്രവര്‍ത്തിയും ചെയ്യാതെ കേവലം വിശ്വാസത്താല്‍ (ടെയ്പിസ്റ്റെയ്സ് - ഗ്രീക്ക്) നമുക്ക് രക്ഷ സാധിക്കും. ദൈവക്രിപയാണ് അതിന്റെ പിന്നില്‍ വ്യാപരിക്കുന്നത്.

പക്ഷെ “വിശ്വാസം“ എന്ന വിഷയത്തില്‍ പലര്‍ക്കും തെറ്റായ ധാരണകളാണുള്ളത്. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന് കര്‍ത്താവ് പറഞ്ഞതിനാല്‍ അവനവന്റെ വിശ്വാസം എന്തായാലും അവനെ രക്ഷിക്കും എന്ന് ചിന്തിക്കുന്ന അനേകരുണ്ട്. കര്‍ത്താവായ യേശു ദൈവമാണെന്നും താന്‍ മനുഷ്യ വേഷമെടുത്ത് വന്നുവെന്നും കാല്‍വരിയിലെ ക്രൂശില്‍ മരിച്ചെന്നും ഉയിര്‍ത്തെഴുന്നേറ്റെന്നും താന്‍ ഏകരക്ഷകനെന്നും അറിയുകയും വിശ്വസിക്കുകയും ചെയ്താല്‍ മതി. അതാണ് വിശ്വാസം എന്നു ചിന്തിക്കുന്നവരും ഉണ്ട്. അതും തെറ്റായ ചിന്താഗതിയാണ്. ദാഹിച്ചിരിക്കുന്ന ഒരുവന്‍ തന്റെ മുന്‍പിലിരിക്കുന്ന ഒരു ഗ്ലാസ് വെള്ളമെടുത്ത് അത് ദാഹത്തിന് നല്ലതാണെന്നും ഇത് കുടിച്ചാല്‍ ദാഹം മാറും എന്നിങ്ങനെയും എത്രമാത്രം കാര്യങ്ങള്‍ വിശ്വസിച്ച് പറഞ്ഞാലും ദാഹം മാറുകയില്ല. ആ വെള്ളം കുടിച്ചെങ്കില്‍ മാത്രമെ ദാഹം മാറുകയുള്ളു. ആയതു പോലെ കര്‍ത്താവ് രക്ഷിതാവാണ് എന്നിത്യാദികാര്യങ്ങള്‍ എത്ര മാത്രം അറിഞ്ഞിരുന്നാലും അത് മുഖാന്തിരം തനിക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുകയില്ല. ആത്മരക്ഷയില്‍ 'വിശ്വാസം' എന്നത് അവനെ കൈകൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അധികാരം കൊടുത്തു. (യോഹ.1:12). റോമര്‍ക്ക് ലേഖനമെഴുതുമ്പോള്‍ പൌലോസ് അപ്പോസ്തലന്‍ അത് കുറെക്കൂടി വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. യേശുവിനെ കര്‍ത്താവ് എന്ന് വായ്കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് ഹ്യദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും (11:9). ആത്മരക്ഷയുടെ താക്കോല്‍ വാക്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

വിശ്വസിക്കാതെ ഏറ്റുപറയുവാന്‍ സാധ്യമല്ലല്ലൊ. വിശ്വാസിക്കുക എന്നുള്ളതാണ് ആദ്യം നടക്കേണ്ടത്. എന്നാ‍ല്‍ ഇവിടെ ഏറ്റുപറയുക എന്ന് ആദ്യം നടക്കേണ്ടത്. എന്നാല്‍ ഇവിടെ ഏറ്റു പറയുക എന്ന് ആദ്യം പറഞ്ഞിരിക്കുന്നത് മുകളില്‍ പറഞ്ഞിരിക്കുന്ന ആവര്‍ത്തനം 31-)0 അദ്ധ്യായം 11 മുതല്‍ 14 വരെയുള്ള ഉദ്ധരണിയെ തുടര്‍ന്ന് പറയുന്നതുകൊണ്ടാണ്. ഇവിടെ 8-)0 വാക്യത്തില്‍ വചനം നിനക്ക് സമീപമായി നിന്റെ വായിലും ഹ്യദത്തിലും ഇരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. വായിലും ഹ്യദയത്തിലും എന്ന ക്രമത്തിലാണ് അവിടെ സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് 9-)0 വാക്യത്തില്‍ ഏറ്റു പറയുന്ന കാര്യം ആദ്യം പറഞ്ഞിരിക്കുന്നത് എന്നാല്‍ പത്താം വാക്യത്തിലേക്ക് വരുബോള്‍ സകലസംശയവും മാറുവാന്‍ തക്കവണ്ണം വളരെ വ്യക്തമായി ദൈവാത്മാവ് പറയുന്നത് ശ്രദ്ധിക്കുക ഹ്യദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായ്കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നു. ആകയാല്‍ വിശ്വാസം ഒന്നാമതും രണ്ടാമത് ഏറ്റുപറച്ചിലും ഉണ്ടാകണം. എന്റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും (സങ്കീ. 32:5) എന്നാണ് ദാവീദ് പറയുന്നത്. ഏറ്റുപറയും എന്നുള്ളതിന് ഉള്ള ഗ്രീക്കു പദം 'ഹോമോലോഗോന്‍' (Homologeon) എന്നാണ്. പരസ്യമായി ഏറ്റു പറയുക എന്നാണ് ഇതിനര്‍ത്ഥം.

വിശ്വസിക്കുന്ന ഒരു വ്യക്തിയോടുള്ള ബന്ധത്തില്‍ ഹ്യദയമാണ് മനുഷ്യശരീരത്തിലെ സുപ്രാധാന അവയവം എന്നതാണ് ഇതിനു കാരണം. ഹ്യദയം ആജ്ഞാപിക്കുന്നതുപോലെയാണ് ശരീരത്തിലെ ഓരോ അവയങ്ങളും ചലിക്കുന്നത്. ഹ്യദയത്തില്‍ കര്‍ത്താവ് ഉണ്ടെങ്കില്‍ ഒരിക്കലും ദുര്‍മാര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ ഹ്യദയം അനുവാദം കൊടുക്കുകയില്ലല്ലൊ. പ്രത്യുത അവന്റെ സകല ചിന്തകളും ദൈവഹിതത്തിനനുസരിച്ചായിരിക്കും. അതുകൊണ്ടാണ് ഹ്യദയം ചോദിക്കുന്നത്.

വിശ്വാസം മുഖാന്തിരം ഹ്യദയംകൊണ്ട് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയുകയും ചെയ്യുക. വിശ്വാസത്താലാണ് അത് സാധ്യമായിത്തീരുന്നത്. വിശ്വാസം എന്നത് ദൈവവ്യവസ്ഥയാണ് എന്നും തര്‍ക്കങ്ങള്‍ക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്ന് ചിലരോട് ആജ്ഞാപിക്കേണ്ടതിന് നീ എഫസോസില്‍ താമസിക്കേണം എന്ന് തിമോഥെയോസിനോട് പൌലോസ് പറയുന്നത് 1 തിമൊ.1:3-ല്‍ നാം വായിക്കുന്നു.

വിശ്വാസത്താല്‍ നാം :-

1. രക്ഷിക്കപ്പെടുന്നു (എഫെ. 2:8)
2. ആത്മാവിനെ പ്രാപിക്കുന്നു (ഗലാ. 3:2)
3. നീതീകരണം പ്രാപിക്കുന്നു (റോമ. 5:1)
4. പ്രായശ്ചിത്തം പ്രാപിക്കുന്നു (റോമ. 3:25)
5. നീതിക്ക് അര്‍ഹരാകുന്നു (റോമ. 10:4)
6. നിത്യജീവന്‍ പ്രാപിക്കുന്നു (യോഹ. 3:36)
7. നശിച്ചുപോകാതിരിക്കുന്നു (യോഹ. 3:16)
8. മരാണാന്തര ജീവിതം ഉറപ്പാക്കുന്നു (യോഹ.11:25)
9. ദൈവസന്നിധിയിലേക്ക് പ്രവേശനം സാധിക്കുന്നു (റോമ. 5:2)
10. സ്വസ്ഥതയില്‍ പ്രവേശിക്കുന്നു (എബ്രാ. 4:3)
11. ദൈവശക്തിയില്‍ കാക്കപ്പെടുന്നു (1 പത്രോ. 1:5)

വിശ്വാസത്താലല്ലാതെ ഒരു വ്യക്തിക്കും ആത്മരക്ഷ കരസ്ഥമാക്കുവാന്‍ സാധ്യമല്ല. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാധിപ്പിക്കാന്‍ കഴിയുന്നതല്ല (എബ്രാ. 11:6). ഈ വിശ്വാസം വളരെ ലളിതമാണ് എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. വിശ്വാസത്തോടു കൂടിയ ഏറ്റുപറച്ചിലിന്റെ പിന്നില്‍ യാതൊരുവിധത്യാഗവും ആവശ്യമില്ല. ത്യാഗം ആവശ്യമെങ്കില്‍ രക്ഷ ദാനമാവുകയില്ല. രക്ഷ എന്നുള്ളത് സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം (വെളി.7:10) ലളിതമായ വിശ്വാസം മാത്രമാണ് ഇതിനാവശ്യം. രക്ഷയുടെ താക്കോല്‍ വാക്യമായ റോമ.10:9 ന് തോട്ട് മുന്‍പ് ഉള്ള വാക്യങ്ങളില്‍ വിശ്വാസം എന്നതിന് പ്രവര്‍ത്തനം ആവശ്യമില്ല എന്ന് വെളിവാകുന്നു. ആവ. 30:11 മുതലുള്ളതിന്റെ ആശയം ഇതാണ്. അസാധ്യമായ ഒന്നും തന്നെ ചെയ്യുവാ‍ന്‍ ദൈവം നമ്മോട് ആ‍വശ്യപ്പെടുകയില്ല. അഥവാ സ്വര്‍ഗ്ഗത്തില്‍ ചെന്ന് കൊണ്ടുവരാനോ ആവശ്യ്മില്ല. അത് നമുക്ക് ദൂരത്തുള്ളതല്ല. പ്രയാസമുള്ളതല്ല. നമ്മുടെ ഏറ്റവും സമീപത്ത് വയിലും ഹ്രിദയത്തിലും തന്നേ ഇരിക്കുന്നു എന്നതാണ്. ആകയാല്‍ വിശ്വാസത്തോടുകൂടിയ ഏറ്റുപറച്ചില്‍ ക്ലേശമുളവാക്കുന്നതല്ല.

ആശ്രയം

ബ്ര. ജോണ്‍ വര്‍ഗ്ഗീസ്

മനുഷ്യന്‍ ബലഹീനനാണ്, അവന്‍ സ്വന്തവിവേകത്തില്‍ ഊന്നി ഇന്ന് പലതിനെയും ആശ്രയിച്ച് തങ്ങളുടെ ജീവിതം വ്യര്‍ത്ഥവും, നിഷ്ഫലവുമാക്കികളയുന്നു. എന്നാല്‍ സത്യവേദപുസ്തകം പറയുന്നു “ യഹോവയില്‍ ആശ്രയിച്ച് നന്മ ചെയ്ക; ദേശത്ത് പാര്‍ത്ത് വിശ്വസ്തത ആചരിക്ക. അവന്‍ നിന്റെ ഹ്യിദയത്തിലെ ആഗ്രഹങ്ങളെ തരും (സങ്കീ. 37: 3).

നാം ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ നന്മ മാത്രം ചെയ്ത് വിശ്വസ്തതയോടെ ജീവീക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമെ നമ്മുടെ ഹ്യിദയത്തിലെ ആഗ്രഹങ്ങളെ കര്‍ത്താ‍വ് സാധ്യമാക്കുകയുള്ളൂ.

ഒന്നാമതായി നാം ആരെ ആശ്രയിക്കരുതെന്ന് ദൈവവചനത്തില്‍ നിന്നും ചുരുക്കമായി ചിന്തിക്കാം.

1). ഞാന്‍ എന്റെ വില്ലില്‍ ആശ്രയിക്കയില്ല, എന്റെ വാള്‍ എന്നെ രക്ഷിക്കയുമില്ല (സങ്കീ. 44:6). ഇവിടെ നാം കാണുന്നത് മനുഷികമായ ആയുധത്തില്‍ ആശ്രയിക്കരുത് എന്നുള്ള വസ്തുതയാണ്.

2). സമ്പത്തില്‍ ആശ്രയിക്കരുത്

3). പ്രഭുക്കന്മാരില്‍ ആശ്രയിക്കരുത്, മനുഷ്യന്‍ എത്ര വലിയവനായാലും ക്ഷണഭംഗുരനായതു കൊണ്ട് അവനില്‍ ആശ്രയിക്കരുതെന്ന് ദൈവവചനം നമ്മെ അനുശാസിക്കുന്നു.

4). പ്രവ്യത്തികളില്‍ ആശ്രയിക്കരുത്

5). സ്നേഹിതനില്‍ ആശ്രയിക്കരുത്

എന്നാല്‍ നാം ആരെ ആശ്രയിക്കണം എന്നും എപ്രകാരം ആശ്രയിക്കണം എന്നും ദൈവ വചനം വ്യക്തമാക്കുന്നു.

1. ദൈവത്തില്‍ ആശ്രയിക്കുക: അവന്റെ വിശുദ്ധനാമത്തില്‍ നാം ആശ്രയിക്കയാല്‍ നമ്മുടെ ഹ്യദയം അവങ്കല്‍ സന്തോഷിക്കും (സങ്കീ. 33:21). നാം നമ്മുടെ വിശ്വാസത്തിനനുസ്യതമായ പ്രത്യാശയോടു കൂടി പ്രാര്‍ത്ഥനയില്‍ പോരാടണം എങ്കില്‍ മാത്രമേ നമ്മുടെ ഹ്യദയം അവങ്കല്‍ സ്ഥിരമാക്കി ക്രിസ്തുവില്‍ സന്തോഷിപ്പാന്‍ കഴികയുള്ളൂ.

2. ദൈവത്തിന്റെ ദയയില്‍ ആശ്രയിക്കുക (സങ്കീ. 52:8), ശത്രു നശിപ്പിക്കുവാന്‍ നോക്കിയെങ്കിലും ആലയത്തിന് സമീപം തഴച്ചു നില്‍ക്കുന്ന ഒലീവ് വ്യക്ഷം പോലെ ഞാനായിരിക്കുന്നു എന്നു ദാവീദ് പറയുന്നു. ഒഎശ്വര്യത്തിന്റെ പ്രതീകമാണ് തഴച്ചു നില്‍ക്കുന്ന ഒലീവ് മരം.

3. ദൈവ വചനത്തില്‍ ആശ്രയിക്കുക: ഞാന്‍ നിന്റെ വചനത്തില്‍ ആ‍ശ്രയിക്കുന്നതു കൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാന്‍ ഞാന്‍ പ്രാപ്തനാകും. ഇവിടെ നാം കാണുന്നത് തന്നെ നിന്ദിക്കുന്നവരോട് ഉത്തരം പറവാന്‍ ഒരു ദൈവ പൈതലിനെ പ്രാപ്തനാക്കുന്നത് ദൈവവ് വചനത്തിലുള്ള അവന്റെ ആശ്രയമാണ്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നു, “യഹോവയില്‍ ആശ്രയിക്കുന്നവന്‍ കുലുങ്ങാതെ എന്നേക്കും നില നില്‍ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു (സങ്കീ. 125).

രക്ഷ ഒരു പoനം (ഭാഗം:2))

രക്ഷക്കുള്ള പ്രമാണം
പി.ജി. ജയിംസ് തണ്ണിത്തോട്.


ഏക രക്ഷകന്‍ ആര് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്നെ രക്ഷ്യ്ക്കുള്ള പ്രമാണവും ബൈബിള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാപങ്ങള്‍ ഏറ്റു പറഞ്ഞ് കര്‍ത്താവായ യേശുവിനെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി വിശ്വാസത്താല്‍ അംഗീകരിക്കുക എന്നുള്ളതാണ് ആ പ്രമാണം. ഈ യാഥാര്‍ത്ഥ്യത്തെ ഏതെങ്കിലും നിലയില്‍ വളച്ചൊടിച്ച് സൌകര്യപൂര്‍വ്വം മറ്റേതെങ്കിലും നിലയില്‍ രക്ഷ കരസ്ഥമാക്കാം എന്ന് വിചാരിച്ചാല്‍ അത് ശുദ്ധ അബദ്ധമാണ്. സ്വതന്ത്ര ഭാരതത്തിന്റെ പൌരന്മാരായ നമുക്കുള്ള പ്രമാണം ഇന്‍ഡ്യന്‍ ഭരണ ഘടനയാണ്. ഒരു കോളേജ് വിദ്യാര്‍ത്ഥിക്ക് ആ സ്ഥാപനത്തിന്റെതായ നിയമാവലികള്‍ ഉണ്ട്. ആയതു പോ‍ലെ ദൈവ സന്നിധിയിലേക്ക് അടുക്കുവാന്‍ ആഗ്രഹിക്കുന്ന ഒരുവന് ഉള്ള നിര്‍ദ്ദേശങ്ങളും നിയമങ്ങളും അടങ്ങിയ പ്രമാണ പുസ്തകമാണ് വിശുദ്ധ വേദപുസ്തകം (2 തിമോ.3:14,15; റോമ.1:16).

ഈ നിലയില്‍ രക്ഷിക്കപ്പെടുന്ന ഏവരും ദൈവസഭയുടെ അംഗങ്ങളും നിത്യ ജീവന്റെയും സ്വര്‍ഗ്ഗ രാജ്യത്തിന്റെയും അവകാശികളും ആ‍യിത്തീരുന്നു. ആകയാല്‍ ഭോഷ്ക്കിന്റെ പിതാവായ സാത്താന്‍ മനുഷ്യരെ തെറ്റായ രീതിയിലേക്ക് തിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി (2കോരി.4:4). മാനുഷികമായ നിലയില്‍ ചിന്തിച്ചാല്‍ ശരിയായ പ്രമാണം ആണ് എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് സാത്താന്‍ കാര്യങ്ങള്‍ ക്രമീകരിക്കുന്നത്.

പ്രാര്‍ത്ഥനയില്‍ ഏതെങ്കിലും ഭൌമികമായ കാര്യസാധ്യം ഉണ്ടായാല്‍ വിശ്വാസത്തില്‍ കുറെക്കൂടെ വര്‍ദ്ധനവ് പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ സംഭവത്താല്‍ ഞങ്ങള്‍ ദൈവമക്കളായിത്തീര്‍ന്നു എന്ന് അവകാശപ്രഖ്യാപനം നടത്തുന്ന ആളുകളും അനവധിയുണ്ട്. അവരെ സ്നാനപ്പെടുത്തി സഭാംഗങ്ങളാക്കി കൊണ്ടുപോ‍കുന്ന സഭകളും അങ്ങോളമിങ്ങോളമുണ്ട്. മാമ്മോദീസാ മൂലം പാപമോചനം ലഭിക്കും എന്ന് വിശ്വസിച്ച് അത് അനുവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ അനേകരാണ്. മാത്രമല്ല പുണ്യസ്ഥല സന്ദര്‍ശനം വഴി പാപമോചനം ആഗ്രഹിക്കുന്ന ആളുകളെയും നമുക്ക് കാണുവാന്‍ കഴിയും. ആദിമനുഷ്യനായ ആദാം മുഖാന്തിരം ദൈവം ഈ ഭൂമിയെ ശപിച്ചതണ് സ്യഷ്ടാവിന്റെ ശാപം ഏറ്റുവാങ്ങിയ ഈ ഭൂമി ശാപഗ്രസ്തമാണ്, അല്ലാതെ പുണ്യഭൂമിയല്ല. കൂടാതെ നേര്‍ച്ചകാഴ്ചകളോ സര്‍വ്വസംഗ പരിത്യാഗമോ ദേഹദണ്ഡനങ്ങളൊ പ്രാര്‍ത്ഥനയോ ധ്യാനമോ ഒന്നും തന്നെ പാപമോചനത്തിന് പര്യാപ്തമല്ല. സുവിശേഷ പ്രസംഗം കേള്‍ക്കുകയോ സുവിശേഷ സാഹിത്യങ്ങള്‍ വായിക്കുകയോ ഏതെങ്കിലും മാധ്യമം മുഖേന പാപബോധം ഉളവായി മാനസാന്തരപ്പെടുകയോ ചെയ്താലും രക്ഷിക്കപ്പെടുന്നില്ല. മാനസാന്തരം വന്നിട്ട് രക്ഷിക്കപ്പെടണം. മത്തായി 13-)0 അദ്ധ്യായത്തില്‍ കര്‍ത്താവ് പറഞ്ഞ വിതയ്ക്കുന്നവന്റെ ഉപമ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മാനസാന്തരം മാത്രമായാല്‍ ദൈവാത്മാവ് അവരുടെ ഉള്ളില്‍ ഇല്ലാത്തതു മുഖാന്തിരം പിന്മാറിപോകും എന്നതിന് സംശയമില്ല. ശിഷ്യന്മാര്‍ എന്ന നിലയില്‍ കര്‍ത്തവിനോടു കൂ‍ടെ അനേകര്‍ എപ്പോഴും ഉന്ണായിരുന്നു. എന്നാല്‍ ഓരോ സാഹചര്യങ്ങളില്‍ അവരില്‍ പലരും മടങ്ങിപ്പോയി. അവര്‍ പിന്നെ അവനോടു കൂടെ യാത്ര ചെയ്തില്ല (യോഹ. 6:66). കര്‍ത്താവിനെ ഒറ്റികൊടുത്ത യൂദായ്ക്ക് കുറ്റബോധവും വലിയ ഹ്യദയഭാരവും ഉളവായി. പക്ഷെ ആ മാനസാന്തരത്തോടൊപ്പം അവന്‍ ഏറ്റുപറച്ചില്‍ നടത്തിയില്ല. അങ്ങനെ അവന്‍ സ്വയം നശിക്കുന്ന ദയനീ‍യമായ കാഴ്ച കാണുന്നു എന്നാല്‍ പത്രോസിന്റെ ജീവിതത്തിലും പരാജയം സംഭവിച്ചു അവന്‍ തന്റെ ഗുരുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു എങ്കിലും അവന്‍ മാനസാന്തരപ്പെട്ട് ഏറ്റുപറഞ്ഞതു മുഖന്തിരം അവന്റെ കുറ്റം ക്ഷമിച്ച് ദൈവാനുഗ്രഹത്തിലേക്ക് പ്രവേശിക്കുവാന്‍ ഇടയായി.

സല്‍ പ്രവര്‍ത്തികള്‍ ചെയ്തും രക്ഷിക്കപ്പെടുവാന്‍ സാധ്യമല്ല. ഒരു പുരുഷജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ചാലും ആ പ്രവര്‍ത്തിയുടെ വിലയെക്കാള്‍ വലുതാണ് ആത്മരക്ഷയുടെ വില. ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം (മത്തായി. 16:26). ആകയാല്‍ യാതൊരു കാരണവശാലും മനുഷ്യപ്രയത്നത്താല്‍ രക്ഷ നേടുവാന്‍ സാധ്യമല്ല. എന്നാല്‍ സര്‍വ്വ ശക്തനായ ദൈവം നമുക്ക് രക്ഷ സാധിപ്പിച്ചു തന്നിരിക്കയാണ്. അതിന് ആവശ്യമായ എല്ലാ ക്യത്യങ്ങളും കര്‍ത്താവ് നിര്‍വ്വഹിച്ചു. തന്റെ ക്രൂശു മരണത്തിലൂടെ മാനവ വര്‍ഗ്ഗത്തിന്റെ പാപ പരിഹാരത്തിന് ആവശ്യമായ എല്ലാം കര്‍ത്താവ് “നിവ്യത്തിയാക്കി” (യോഹ. 19:30).

പ്രവര്‍ത്തിയാല്‍ മനുഷ്യന് രക്ഷ സാധിക്കാമായിരുന്നു എങ്കില്‍ കര്‍ത്താവ് ക്രൂശില്‍ മരിക്കുക ആവശ്യമില്ലായിരുന്നു. എന്നാല്‍ ന്യായപ്രമാണത്തിന്റെ പ്രവര്‍ത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടായ്കയാലാണ് (റോമ.3:20) ക്രിപയാല്‍ ഉള്ള രക്ഷ ദൈവം ഒരുക്കിയത് ന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുവാന്‍ ഇച്ഛിക്കുന്ന നിങ്ങള്‍ ക്രിസ്തുവിനോട് വേര്‍പ്പെട്ടു പോയി നിങ്ങള്‍ ക്രിപയില്‍ നിന്ന് വീണുപോയി (ഗലാ.4) ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവര്‍ത്തികളും കാരണമല്ല (എഫേ.2:9). എന്നാല്‍ ഇതോട് ഉള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്നത് മാത്രമല്ല ക്രിപയാല്‍ എങ്കില്‍ പ്രവര്‍ത്തിയാല്‍ അല്ല; അല്ലെങ്കില്‍ ക്രിപ ക്രിപയല്ല (റോമ. 11:6) എന്നും കാണുന്നു. യിസ്രയേലിനോടുള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്നത് “നീതിയുടെ പ്രമാണം പിന്തുടരുന്ന യിസ്രയേലൊ ആ പ്രമാണത്തില്‍ എത്തിയില്ല: അതെന്തുകൊണ്ട് ? വിശ്വാസത്താല്‍ അല്ല പ്രവര്‍ത്തികളാല്‍ അന്വഷിച്ചതു മുഖാന്തിരം തന്നെ. അവന്‍ ഇടര്‍ച്ച കല്ലിന്മെല്‍ തട്ടി ഇടറി(റോമ. 9:31,32). നിങ്ങള്‍ക്ക് ആത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവര്‍ത്തിയാലൊ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ (ഗലാ.3:2)എന്നാണ് ജഡത്തില്‍ ആശ്രയിച്ച ഗലാത്യരോട് പൌലോസ് ചോദിക്കുന്നത്. ഞാന്‍ ഹിമം കൊണ്ട് എങ്ങനെ കഴുകിയാലും ക്ഷാരജലം കൊണ്ട് എന്റെ കൈ വെടുപ്പാക്കിയാലും നീ എന്നെ ചേറ്റുകുഴിയില്‍ മുക്കികളയും (ഇയോബ് 9:30,31). സ്വപ്രയത്നത്തില്‍ ദൈവം പ്രസാധിക്കില്ല എന്നത് എത്രയോ വ്യക്തം.

നമ്മുടെ പാപഭാരം നീങ്ങുവാന്‍ കര്‍ത്താവിങ്കലേക്ക് ചെല്ലുക മാത്രം മതി. നമ്മുടെ ഭാരം നീങ്ങുവാനായി നാം ഒന്നും ചെയ്യേണ്ടതില്ല. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളവരെ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം (മത്തായി 11:28) എന്നാണ് കര്‍ത്താവ് അരുളിചെയ്തിട്ടുള്ളത്. ആര്‍ക്കും പ്രവര്‍ത്തിച്ച് രക്ഷിക്കപ്പെടുവാന്‍ സാധ്യമല്ല.

തുടരും....

രക്ഷ ഒരു പoനം (ഭാഗം:1))

രക്ഷയ്ക്ക് ആധാരം
സഹോ. പി.ജി.ജയിംസ്, പത്തനംതിട്ട

ഏതുകാലയളവിലും ഉളള ആളുകള്‍ക്കും രക്ഷയ്ക്ക് ആധാരമായിരിക്കുന്നത് കര്‍ത്താവായ യേശുക്രിസ്തുവിന്റെ രക്തമാണ്. മനുഷ്യന്റെ ഏതു പാപവും പരിഹരിക്കുവാന്‍ ദൈവകുഞ്ഞാടിന്റെ രക്തം മതിയായതാണ്. കര്‍ത്താവായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1യോഹ. 1:7). ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം (1പത്രോ. 1:9) വിശ്വാസത്താല്‍ ഹ്രിദയങ്ങളിലേക്ക് പകരപ്പെടുമ്പോള്‍ രക്താംബരം പോലെ കടുഞ്ചുവപ്പായ പാപങ്ങള്‍ പോലും മാഞ്ഞുകിട്ടും. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്ര. 9:22) എന്നുള്ളത് മാറ്റമില്ലാത്ത ദൈവനിയമം ആകയാല്‍ ഇനിമേല്‍ പാപങ്ങള്‍ക്കു വേണ്ടീ ഒരു യാഗവും ആവശ്യമില്ലാത്തവ‍ണ്ണം എകയാഗം കഴിഞ്ഞ് ക്രിസ്തു രക്ഷ സാധിപ്പിച്ചു. അവന്‍ മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി അറുക്കപ്പെട്ട പെസഹാകുഞ്ഞാടാണ് (1 കൊരി.5:7).


സമ്പൂര്‍ണ്ണ ദൈവത്വവും സമ്പൂര്‍ണ്ണ മനുഷത്വവും ഉള്ള വ്യക്തിയായിട്ടാണല്ലൊ കര്‍ത്താവ് ഈ ലോകത്തില്‍ ജീവിച്ചത്. മനുഷ്യന്‍ എന്നുള്ള നിലയില്‍ ജഡശരീരത്തിലാണ് താന്‍ വസിച്ചത്. മനുഷ്യന്റെ ജീവന്‍ രക്തത്തിലാണല്ലൊ അടങ്ങിയിരിക്കുന്നത് സകല ജഡത്തിന്റയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം തന്നെ (ലേവ്യ. 17:14). മാംസത്തിന്റെ ജീവന്‍ രക്തത്തിലാണല്ലൊ അടങ്ങിയിരിക്കുന്നത് (ലേവ്യ. 17:11). പ്രാണനായിരിക്കുന്ന രക്തത്തോട് കൂടെ മാത്രം നിങ്ങള്‍ മാംസം തിന്നരുത് (ഉല്പ. 9:3) എന്നണ് ദൈവം മോശയോട് കല്പിച്ചത്. കര്‍ത്താവിനെ വിസ്തരിച്ച് വിധി പ്രഖ്യാപിച്ച പീലാത്തോസ് ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് കുറ്റം ഇല്ല (മത്താ. 27:24) എന്ന് പറഞ്ഞതും യേശുവിന്റെ ജീവനില്‍ എനിക്ക് കുറ്റം ഇല്ല എന്ന ആശയത്തിലാണ് .

നമ്മെ സ്നേഹിച്ച് നമുക്ക് വേണ്ടി തന്നെത്താന്‍ ഏല്പിച്ചു കൊടുത്ത കര്‍ത്താവ് തന്റെ രക്തം മുഴുവനും ചൊരിഞ്ഞു കാല്‍ വരിയിലെ ക്രൂശില്‍ മരിച്ച കര്‍ത്താവിന്റെ വിലാപ്പുറത്ത് ഒരു പടയാളി കുന്തം കൊണ്ട് കുത്തിയപ്പോള്‍ രക്തവും വെള്ളവും പുറപ്പെട്ടു (യോഹ.19:34).. ഒരു തുള്ളി രക്തം പോലും തന്റെ ശരീരത്തില്‍ അവശേഷിക്കുന്നില്ല എന്നുള്ളതിന്റെ തെളിവാണ് ‘വെള്ളവും പുറപ്പെട്ടു‘ എന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഹബേലിന്റെ രക്തത്തെക്കാള്‍‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തം (എബ്രാ. 12:24). വിശ്വസിക്കുന്ന ഏതൊരു പാപിക്കും പാപപരിഹാരമായിത്തീരുന്നു.

ക്രിസ്തുവിന്റെ രക്തത്താല്‍ ലഭിക്കുന്ന നന്മകള്‍

1. പ്രായശ്ചിത്തം റോമ. 3 :25

2. നീതീകരണം റോമ. 5:9

3. കോപത്തില്‍ നിന്നുള്ള രക്ഷ റോമ. 5:9

4. അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് എഫെ. 1:7

5. ദൈവത്തോട് സാമീപ്യം എഫെ. 2:13

6. കര്‍ത്താവിനോട് സമാധാനം കൊലൊ. 1:20

7. വിടുതല്‍ വെളി. 1:6

8. പാപങ്ങളുടെ പൂര്‍ണ്ണമായ മാറ്റം യെശ. 1:18

9. ധാരാളം ക്ഷമ യെശ. 55:7

10. പാപം പിറകില്‍ എറിയപ്പെടും യെശ. 38:17

11. സകല പാപവും ക്ഷമിക്കും 1 യോഹ. 1:7

12. പാപം മേഘം പോലെ മായ്ച്ചു കളയും യെശ. 44:22


നീ അറുക്കപ്പെട്ടു, നിന്റെ രക്തം കൊണ്ട് സര്‍വ്വ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായ് വിലയ്ക്ക് വാങ്ങി എന്നാണ് സ്വര്‍ഗ്ഗീയ ആരാധനയിലും ദൈവകുഞ്ഞാടിന്റെ രക്തത്തിന്റെ വില അത്ര വലുതാണ്.

ക്രിപാ യുഗത്തില്‍ മാത്രമല്ല ഏതു കാലയളവിലുമുള്ള ആളുകള്‍ക്കും രക്ഷയ്ക്ക് ആധാരമായിരിക്കുന്നത് കര്‍ത്താവിന്റെ രക്തം തന്നെയാണ് (വെളി. 12:11). മഹാപീഡന കാലത്ത് രക്ഷിക്കപ്പെടുന്നവര്‍ക്കും കര്‍ത്താവിന്റെ രക്തം ആണ് രക്ഷയ്ക്ക് ആധാരമായിരിക്കുന്നത്. ഇവര്‍ മഹാ‍ കഷ്ടത്തില്‍ നിന്ന് വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു (വെളി. 7:14) എന്നാണ് വായിക്കുന്നത്. അവര്‍ രക്ത സാക്ഷികളായി തീര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ രക്ഷിക്കപ്പെട്ടവരാണെങ്കിലും അവരുടെയും രക്ഷക്കാധാരമായിരിക്കുന്നത് യേശുക്രിസ്തുവിന്റെ രക്തം ആണ്.